കൗതുകകരമായ ഒരു വാഗ്വാദത്തിനാണ് ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചത്. നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മി നിസ്റ്റര്‍’ എന്ന് പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചുവിളിച്ചത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയതാണ് സംഭവം. ഓരോ തവണയും ഇങ്ങനെ ആവര്‍ത്തിച്ച് വിളിച്ച് മറുപടി പറയണമെന്ന് പറയുന്നത് ശരിയാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്തു സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നല്‍കുന്നതെന്നും പിണറായി വിജയന്‍ ചോദിക്കുകയുണ്ടായി. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നത്തലയെ അദ്ദേഹം ഉപദേശിക്കുകയുണ്ടായി. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരി വ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് സംഭവം. രമേശ് ചെന്നിത്തലയായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒമ്പതുവര്‍ഷം ഭരിച്ചിട്ടും ഒരു തരത്തിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുന്നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെയായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ സഭയിലെ പെരുമാറ്റം. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കി അക്കാര്യം സംസ്ഥാനത്തിന്റെറെ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെ അറിയിക്കുകയാണ് മുന്‍പ്രതിപക്ഷ നേതാവു കൂടിയായ രമേശ് ചെന്നിത്തല ചെയ്തിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും കാര്യത്തിന്റെ ഗൗരവം ഉള്‍ക്കാന്‍ കഴിയാത്ത വകുപ്പ് മന്ത്രിയെ കാര്യങ്ങള്‍ എണ്ണിയെണ്ണി ബോധ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തെ കൃത്യമായ അഭിസംബോധന ചെയ്യുകയും പേര് തുടര്‍ച്ചയായി പരാമര്‍ശിക്കുകയും ചെയ്യേണ്ടിവരികയെന്നത് സ്വാഭാവി കം മാത്രമാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കും പ്ര യോഗങ്ങള്‍ക്കും സഭ നിരന്തരം സാക്ഷിയാവാറുമുള്ളതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മിസ്റ്റര്‍ ഓപോ സിഷന്‍ ലീഡര്‍ എന്ന് ഒരു ഭരണപക്ഷ എം.എല്‍.എ അഭിസംബോധന ചെയ്തതും ഇതേ സമ്മേളനത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ആ വിളിയിലൂടെ താന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം കുറ്റബോധത്താല്‍ നീറുന്ന മനസ്സിന്റെ ബഹിസ്ഫുരണമാണ് ഇന്നലെ സഭയില്‍ പ്രകടമായത് എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗം തകര്‍ന്നു തരിപ്പണമായിക്കിടക്കുമ്പോള്‍ അദ്ദേഹം നോക്കുകുത്തിയായി മാറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം സംസ്ഥാനത്ത് അരങ്ങേറിയിട്ടുള്ളത് 63 കൊലപാതകങ്ങളാണെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നു. ഇതില്‍ 30 എണ്ണവും ലഹരിയുമായ ബന്ധപ്പെട്ടതാണ്. ഇക്കാലയളവില്‍ അറസ്റ്റിലായത് 2854 പേരും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2762 കേസുകളുമാണ്. വെറും പത്തു ദിവസത്തി നുള്ളില്‍ 1.31 കിലോ ഗ്രാം എം.ഡി.എം.എയും 153.56 കി ലോഗ്രാം കഞ്ചാവുമാണ് പിടികൂടപ്പെട്ടിരിക്കുന്നത്. മയക്കു മരുന്നിന്റെയും കഞ്ചാവിന്റെയും ഈറ്റില്ലമായി സംസ്ഥാനം മാറിയിരിക്കുകയാണ്. ലഹരിയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഹബ്ബായി കേരളത്തിലെ പല നഗരങ്ങളും മാറുമ്പോള്‍ മുഴുവന്‍ ജനവിഭാഗങ്ങളും ആശങ്കയുടെ മുള്‍മുനയിലാണ്. കൗമാരക്കാരും യുവാക്കളുമെല്ലാം ലഹരിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സംഹാര താണ്ഡവത്തിന്റെ ഭയാനകമായ വാര്‍ത്തകള്‍ നാടിനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കാര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും ആഭ്യന്തര വകുപ്പും അതിന്റെ അമരക്കാരനായ മുഖ്യമന്ത്രിയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത് നിസംഗമായ സമീപനമാണ്. ലഹരിമാഫിയക്ക് സഹായകരമായ സമീപനമാണ് പലപ്പോഴും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരി ഒഴുക്കാനുള്ള വഴികള്‍ സുഖമമാക്കിക്കൊടുക്കുന്നുവെന്ന് മാത്രമല്ല ലഹരിമാഫിയയുമായുള്ള ഒത്തുകളി പോലും ക്രമസമാധാന പാലകരുടെ പേരില്‍ വ്യാപകമായി ആരോപിക്ക പ്പെട്ടുകൊണ്ടിരിക്കുന്നു. ലഹരിയുമായി പിടിയിലാകുന്നവര്‍ ഭരണക്കാരുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ഉന്നതങ്ങളിലെ ഇടപെടല്‍വഴി പുല്ലുപോലെ ഇറങ്ങിപ്പോരുകയാണ്. ഇത്തരം കേസുകളില്‍ വാദി പ്രതിയാകുന്ന അവസ്ഥ സംജാതമാകുന്നതോടെ പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മനപൂര്‍വം കണ്ണടക്കേണ്ടി വരുന്നു. ലഹരിക്കെതിരായി സര്‍ക്കാര്‍ രൂപീകരിച്ച എല്ലാ സംവിധാനങ്ങളും നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞിരിക്കുകയുമാണ്. എന്നാല്‍ ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടത്തുന്നതാകട്ടെ വലിയ രക്ഷാപ്രവര്‍ത്തനവുമാണ്. ഇതേ രക്ഷാപ്രവര്‍ത്തനമാണ് രമേശ് ചെന്നത്തലക്കെതിരെ മുഖ്യമന്ത്രി ഇന്നലെ സഭയില്‍ നടത്തിയിരിക്കുന്നതും. സംസ്ഥാനം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതുകണ്ടില്ലെന്ന് നടിക്കുകയും അതേക്കുറിച്ച് ഓര്‍മപ്പെടുത്തുന്നവരെ വിരട്ടുകയും ചെയ്യുന്ന ഒരു ഭരണ സംവിധാനം നാടിനെ എങ്ങോട്ടാണ് കൊണ്ടെത്തിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.