മലപ്പുറം: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മലപ്പുറത്തെത്തിയത്. രാവിലെ 9.30 ഓടെ പാണക്കാട്ടെത്തിയ മുകുള്‍ വാസ്‌നിക് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ കൂടിയായ സയ്യിദ് ഹൈദരലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരുമായി അരമണിക്കൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് സി.പി ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു.
ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, പി.ടി അജയ്‌മോഹന്‍, കെ.പി അബ്ദുല്‍ മജീദ്, കെ.പി അനില്‍കുമാര്‍, മണക്കാട് സുരേഷ്, അഡ്വ.അനില്‍ ബോസ്, ഇ. മുഹമ്മദ് കുഞ്ഞി, സക്കീര്‍ പുല്ലാര, എം.കെ മുഹ്‌സിന്‍ എന്നിവരോടൊപ്പം പാണക്കാട്ടെത്തിയ മുകുള്‍ വാസ്‌നിക് പത്ത് മണിയോടെ മലപ്പുറം ഡി.സി.സിയിലേക്ക് മടങ്ങി. പിന്നീട് മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത ശേഷം പാലക്കാട്ടേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ രണ്ട് മുതല്‍ മുകുള്‍ വാസ്‌നിക് കേരളത്തില്‍ പര്യടനം നടത്തുന്നുണ്ട്. കാസര്‍കോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ പര്യടനം മാറ്റിവെച്ചിരുന്നു.