മുംബൈ: മഹാരാഷ്ട്രയുടെ തീരമേഖലയില്‍ നാശം വിതച്ചിരിക്കുകയാണ് ‘ടൗട്ടെ’ ചുഴലിക്കാറ്റ്. വെള്ളം നിറഞ്ഞൊഴുകുന്ന റോഡുകളുടെയും മറ്റുമുള്ള ദുരിത കാഴ്ചയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഇതിനിടെ ടൗട്ടെ വീശിയടിച്ച മുംബൈയില്‍നിന്നുള്ള ഒരു വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുകയാണ്. മഴയില്‍ തെരുവിലൂടെ നടന്ന് പോകുന്ന സ്ത്രീ തലനാരിഴക്ക് വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെടുന്നത് സി.സി.ടി.വിയില്‍ പതിയുകയായിരുന്നു.

വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലൂടെ കുടയുമായി നടന്ന് നീങ്ങുകയാണ് സ്ത്രീ. പൊടുന്നനെ റോഡരികിലുണ്ടായിരുന്ന കൂറ്റന്‍ മരം വീഴാന്‍ തുടങ്ങി. ഇതുകണ്ട സ്ത്രീ ഞൊടിയിടയില്‍ ഓടി മാറുകയായിരുന്നു. തലനാരിഴക്കുള്ള ഈ രക്ഷപ്പെടലിന്റെ ഏതാനും സെക്കന്‍ഡുകള്‍ നീണ്ട വീഡിയോ ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പങ്കുവെച്ചു.