ഇന്‍ഡോര്‍: സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായിരുന്നു മുനാവര്‍. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മുനാവര്‍ ജയില്‍മോചിതനായത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്. വെള്ളിയാഴ്ച സുപ്രീംകോടതി മുനാവറിന് ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെടുകയും സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിക്കുകയുമായിരുന്നു.