കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച നിയുക്ത എം.പി കെ. മുരളീധരന്‍. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി താനാവണമെന്ന് പിണറായി തീരുമാനിച്ചതായും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ എന്നും മുരളീധരന്‍ പറഞ്ഞു.

തനിക്കു അവസാനത്തെ സി.പി.എം മുഖ്യമന്ത്രി ആവണമെന്ന് പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞു. ആരു കരുതിയാലും ഇനിയത് മാറ്റാന്‍ കഴിയില്ല. സി.പി.എമ്മിന് ആകെ അവശേഷിക്കുന്നത് കേരളം മാത്രമാണ്. ഇവിടെയും കൂടെ സി.പി.എമ്മിന്റെ അടിയന്തിരം കഴിഞ്ഞിട്ടേ പിണറായി ഒഴിയൂ-മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി രാജിവെക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് പിണറായിയാണ്. കോണ്‍ഗ്രസ് വലിയ തോല്‍വി നേരിട്ട 2004ല്‍ ഉത്തരവാദിത്വമേറ്റെടുത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി രാജി വെച്ചിരുന്നു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു. പിണറായിക്കു വേണമെങ്കില്‍ ഈ മാതൃക പിന്തുടരാം. അത്തരം മാതൃകകളൊന്നും പരിചയമില്ലാത്ത ഇദ്ദേഹത്തില്‍ നിന്ന് താന്‍ ഒരു രാജി പ്രതീക്ഷിക്കുന്നില്ലെന്നും മുരളി പറഞ്ഞു.