ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു)യില്‍നിന്ന് കാണാതായ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധനത്തിന് നാലു വയസ്സ്. കാമ്പസില്‍ നിന്നാണ് നജീബ് അഹമ്മദിനെ കാണാതായത്. ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയാണ് നജീബ്. മകനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവടക്കം രംഗത്തുവന്നിരുന്നു. വ്യാപകമായി പ്രതിഷേധം അലയടിച്ചുവെങ്കിലും നജീബ് അഹമ്മദ് ഇന്നും കാണാമറയത്താണ്.

തിരോധാനത്തിനു മുമ്പ് നജീബിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നാലെ 2016 ഒക്‌ടോബര്‍ 15നാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാകുന്നത്. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങിയും തെരുവില്‍ പ്രതിഷേധിച്ചും മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന പോരാട്ടവും വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതുവരെ അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.

നഫീസയുടെ നീണ്ട പോരാട്ടത്തിനൊടുവില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും അവരും ഇപ്പോള്‍ കൈയൊഴിഞ്ഞിരിക്കുകയാണ്. നജീബ് ഐ.എസില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെയും അവര്‍ നിയമപോരാട്ടം നടത്തിയിരുന്നു. നജീബിന്റെ തിരോധനത്തിന് നാലു വയസ്സ് പൂര്‍ത്തിയാകുന്ന വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് ‘നജീബ് എവിടെ’ എന്ന ഹാഷ്ടാഗില്‍ നജീബിന് നീതി ആവശ്യപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധം നടത്താന്‍ ഫാത്തിമ നഫീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി നജീബിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പാഴായ നിരാശയിലാണ് കുടുംബം.