ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരെയുള്ള ബി.ജെ.പി നേതാവ് സംപിത് പാത്രയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. നവാസ് ശരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് സമ്മാനം നല്‍കിയത് രാഹുലല്ല, മോദിയാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാഹുലിന്റെ പേര് രാഹുല്‍ ലാഹോറിയാണെന്നും രാഹുല്‍ പാകിസ്താനില്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുകയാണെന്നുമുള്ള സംപിത് പാത്രയുടെ വിഡിയോചേര്‍ത്താണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

രാഹുലിന് പകരം താഴെ പറയുന്ന പേരുകളാണ് താങ്കള്‍ ചേര്‍ക്കേണ്ടത് . മിസ്റ്റര്‍ അദ്വാനി: ജിന്നയുടെ ഖബറില്‍ പോകുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു. മിസ്റ്റര്‍ വാജ്‌പേയി: ബസില്‍ ലാഹോറില്‍ പോയി ജനറല്‍ മുഷറഫിനെ ആഗ്രയിലെ ഉത്സവത്തിന് ക്ഷണിച്ചു. മിസ്റ്റര്‍ മോദി: നവാസ് ശരീഫിന്റെ പേരക്കുട്ടിയുടെ കല്യാണത്തിന്‌പോയി സമ്മാനങ്ങള്‍ നല്‍കി.

പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയേക്കാള്‍ നന്നായി കോവിഡിനെ നേരിട്ടുവെന്ന രാഹുലിന്‍െ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളുടെ പാക് ബന്ധം ചൂണ്ടിക്കാണിച്ച് സച്ചിന്‍ രംഗത്തെത്തിയത്.