ദേശീയ ടെലിവിഷന്‍ ചാനലായ ഹിന്ദി എന്‍.ഡി. ടി.വി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി. മാധ്യമങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എന്‍.ഡി.ടി.വിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്ത്യാ റെസിസ്റ്റ്, ജന്‍താ കാ റിപ്പോര്‍ട്ടര്‍ തുടങ്ങിയ മാധ്യമങ്ങളും രംഗത്തുവന്നു. എന്‍ഡിടിവി ഇന്ത്യക്കൊപ്പം ഓഫ്‌ലൈനാകുമെന്ന് ഇരു സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതും ടെലിവിഷന്‍ ചാനലുകള്‍ നിരോധിക്കുന്നതും നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സംഭവിക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ തന്ത്രപ്രധാന സുരക്ഷാ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാരോപിച്ചാണ് നവംബര്‍ ഒമ്പതിന് ചാനലിനോട് ഓഫ്‌ലൈനാകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മന്ത്രിതല സമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ചില വേളകളില്‍ ടി.വി നെറ്റ്‌വര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും അടിയന്തരാവസ്ഥക്കുശേഷം വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ആദ്യമായാണ് ഒരു ചാനലിനോട് ഓഫ്‌ലൈനാകാന്‍ ഉത്തരവിടുന്നത്. ജനുവരി നാലിന് ഉച്ചക്ക് 12.25നും 12.31നുമാണ് നടപടിക്ക് ആധാരമായ വാര്‍ത്ത എന്‍ഡിടിവി പ്രക്ഷേപണം ചെയ്തത്. പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ച ഭീകരരെ തുരത്താന്‍ സൈന്യം ആസൂത്രണം ചെയ്ത ഓപ്പറേഷന്റെ തത്സമയ വിശദീകരണം അടങ്ങുന്നതായിരുന്നു വാര്‍ത്ത. സൈനിക നടപടി നടന്നുകൊണ്ടിരിക്കെ തന്ത്രപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട നടപടി കേബിള്‍ ടി.വി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആരോപണം. അതേസമയം വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി അംബരപ്പിച്ചെന്ന് എന്‍ഡിടിവി വൃത്തങ്ങള്‍ പ്രതികരിച്ചു. മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാനമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും എന്‍ഡിടിവിക്ക് മാത്രമാണ് വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിര്‍ദേശത്തെ ഏത് രീതിയില്‍ നേരിടണമെന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും എന്‍ഡിടിവി വൃത്തങ്ങള്‍ വ്യക്തമാക്കി. നോട്ടീസിലെ നിര്‍ദേശപ്രകാരം നവംബര്‍ ഒമ്പതിന് രാത്രി 12.01 മുതല്‍ നവംബര്‍ 10ന് രാത്രി 12.01 വരെ എന്‍ഡിടിവിക്ക് പ്രക്ഷേപണം ചെയ്യാനാവില്ല.