നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീട്ടിലെത്തിയ കാര്യം നാട്ടുകാരും സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും സുധാകരന്റെ കുടുംബവും ആരോപിക്കുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി പാലക്കാട് എസ്പിയോട് ആവശ്യപ്പെടുകയായിരുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ അവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നുമാണ് എ.ഡി.ജി.പി ചോദിച്ചിട്ടുള്ളത്. നെന്മാറ എസ്എച്ച്ഒ അടക്കമുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് ഉള്ളത്.
കൃത്യം നടത്തിയതിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പൊലീസ് അന്വേഷിക്കുന്നത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ ബന്ധം പിരിഞ്ഞ് പോയതിനു കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെ പ്രതി വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
നെന്മാറ പോലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ഇയാള്‍ പോത്തുണ്ടിയിലെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ഇത് പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.