india

രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്

By Test User

December 19, 2022

കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്‍റെ എവിജിസി(അനിമേഷന്‍, വിഷ്വല്‍ ഇഫക്‌ട്സ്, ഗെയിമിംഗ് ആന്‍ഡ് കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.2030 ആകുമ്ബോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമുള്ള മേഖലയായി ഇത് മാറുമെന്നും വിദഗ്ധര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കൊച്ചി ഡിസൈന്‍ വീക്ക് സംഘടിപ്പിച്ചത്.

ടൂണ്‍സ് മീഡിയ സിഇഒ പി ജയകുമാര്‍, പുനര്‍യുഗ് ആര്‍ട്ട് വിഷന്‍ സ്ഥാപകന്‍ ആശിഷ് എസ് കെ, ഫാന്‍റം എഫ് എക്സ് വൈസ് പ്രസിഡന്‍റ് രാജന്‍ ഇ, ഗെയിമിട്രോണിക്സ് സിഇഒ രജസ് ഓജ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.5ജി വരുന്നതോടെ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ 90 കോടി ആകുമെന്നാണ് കണക്ക്. ഇത് എവിജിസി മേഖലയ്ക്ക് ഏറെ ഗുണകരമാണ്. എന്നാല്‍ ഈ മേഖലയിലെ പ്രൊഫഷണലുകളുടെ കുറവ് ഇന്ത്യയ്ക്ക് പ്രതിസന്ധിയാണെന്ന് പി ജയകുമാര്‍ പറഞ്ഞു.

ഈ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. പുതിയ മേഖലയെന്ന നിലയില്‍ കൊണ്ടു വരുന്ന ഏതൊരു ഉദ്യമമവും ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.