Connect with us

kerala

കോവിഡില്‍ പകച്ച് കേരളം; പിടിച്ചുകെട്ടി അയല്‍ക്കാര്‍

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്

Published

on

ഹൈദരാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ച് കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ കോവിഡ് രോഗികള്‍ ശരാശരി 20,000ത്തിന് മുകളിലുണ്ടായിരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിന് താഴെ മാത്രമാണ്. പുതുച്ചേരിയിലും സമാന സ്ഥിതിയാണുള്ളത്.

അതേ സമയം കോവിഡിന്റെ ആദ്യ തരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തില്‍ നിലവില്‍ പ്രതിദിന കേസുകള്‍ 31,445 ആണ്. ടി.പി.ആര്‍ ആവട്ടെ 19.03 ആയി ഉയര്‍ന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും തുറക്കുകയോ. തുറക്കാന്‍ തയാറെടുപ്പ് നടത്തുകയോ ചെയ്തപ്പോള്‍ കേരളത്തില്‍ ഇതിനു പറ്റിയ സാഹചര്യം ഇനിയും കൈവന്നിട്ടില്ല. പകരം കോവിഡ് കേസുകളുടെ എണ്ണം പെരുകുകയാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സ്ഥിതി ഇപ്രകാരമാണ്.

ആന്ധ്രപ്രദേശ്:

1248 പുതിയ കേസുകളാണ് ആന്ധ്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 20,04,590 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇന്നലെ 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,750 ആയി. ചിറ്റൂര്‍, കൃഷ്ണ, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി, നെല്ലൂര്‍, പ്രകാശം, കര്‍ണൂല്‍, ശ്രീകാകുളം ജില്ലകളിലായാണ് ഇപ്പോള്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത്. സജീവ കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണെങ്കിലും നിലവില്‍ 13,667 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 19,77,163 പേര്‍ കോവിഡ് മുക്തരായ ആന്ധ്രയില്‍ കോവിഡ് മുക്തി നിരക്ക് ദേശീയ ശരാശരിയായ 97.6 ശതമാനത്തിനും മുകളിലാണ്. 98.6 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്ക്.
ഇന്നലെ 58,890 പരിശോധനകള്‍ നടത്തിയ ആന്ധ്രയില്‍ നിലവില്‍ 2.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് സജീവ കേസുകള്‍ ഒരു ശതമാനമാണെങ്കില്‍ ആന്ധ്രയില്‍ ഇത് വെറും 0.7 ശതമാനം മാത്രമാണ്. ഇതുവരെ 2.62 കോടി പരിശോധനകളാണ് നടത്തിയത്. നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണിവരെയുള്ള നിശാ നിയന്ത്രണമാണ് സംസ്ഥാനത്തുള്ളത്. വിവാഹ, മത ചടങ്ങുകള്‍ക്ക് 150 പേരില്‍ കൂടുതല്‍ അനുവദിക്കുന്നില്ല. ഈ മാസം 16 മുതല്‍ സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് നിയന്ത്രണത്തോടെ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്.

തെലങ്കാന:

ദക്ഷിണേന്ത്യയില്‍ കോവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടാവാത്ത സംസ്ഥാനമാണ് തെലങ്കാന. ഇന്നലെ 389 പുതിയ കേസുകളും ഒരു മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 6276 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 6,55,732 പേര്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 6,64,594 പേരും കോവിഡ് മുക്തരായി. 3862 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജഗതിയാല്‍, കരീംനഗര്‍, നാല്‍ഗോണ്ട എന്നിവിടങ്ങളിലായി 16 കണ്ടെയന്‍മെന്റ് സോണുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. തെലങ്കാനയില്‍ മരണ നിരക്ക് 0.58 ശതമാനമാണ്. അതേ സമയം കോവിഡ് മുക്തി നിരക്ക് 98.45 ശതമാനമായും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. 2.41 കോടി ജനങ്ങളെയാണ് തെലങ്കാനയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്തെ അംഗന്‍വാടികളും സ്‌കൂളുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്തംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക:

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ച കര്‍ണാടക സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നുകഴിഞ്ഞു. സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു. വാണിജ്യകേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും സിനിമാതിയേറ്ററുകളും തുറന്നു. ബസുകളും മെട്രോ ട്രെയിനുമുള്‍പ്പെടെയുള്ള വാഹനഗതാഗതവും പുനരാരംഭിച്ചു. രാത്രി ഒമ്പതുമണിക്കു ശേഷമുള്ള കര്‍ഫ്യൂവും അതിര്‍ത്തി ജില്ലകളിലെ വാരാന്ത്യ കര്‍ഫ്യൂവുംമാത്രമാണ് ഇപ്പോള്‍ കാര്യമായുള്ള നിയന്ത്രണം. സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റിങ് ടാര്‍ഗറ്റ് 1.75 ലക്ഷമാക്കിയിട്ടുണ്ട്. ഇന്നലെ 1259 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 29,41,026 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 37,184 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സ്ഥിരീകരിച്ച സംസ്ഥാനമാണ് കര്‍ണാടക. ഇതുവരെ 28,84,032 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്. 19784 സജീവ കേസുകളാണ് നിലവില്‍ കര്‍ണാടകയിലുള്ളത്. അതേ സമയം ടി.പി. ആര്‍ നിരക്ക് ഏറ്റവും കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. 0.65 ശതമാനമാണ് ഇവിടുത്തെ ടി.പി.ആര്‍ നിരക്ക്. ഇന്നലെ 1,90,915 പേരെ പരിശോധിച്ചതോടെ സംസ്ഥാനത്ത് കോവിഡ് പരിശോധിച്ചവരുടെ എണ്ണം 4,22,62,303 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുന്നത് കണക്കിലെടുത്താണ് അതിര്‍ത്തിജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ കര്‍ണാടക ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജനഗര്‍, ദക്ഷിണ കന്നഡ ജില്ലകളിലും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെലഗാവി, വിജയപുര, കലബുറഗി, ബീദര്‍ ജില്ലകളിലുമാണിത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാനവ്യാപകമായി ദിവസവുമുള്ള രാത്രികര്‍ഫ്യൂ രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയാണ്. അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറന്നത്.
ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളാണ് ആരംഭിച്ചത്. ഓരോ ക്ലാസിലെയും പകുതി കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. െബഞ്ചില്‍ രണ്ടുകുട്ടികള്‍ക്കാണ് ഇരിക്കാന്‍ അനുമതി. 25 കുട്ടികളാണ് ഒരു ക്ലാസ് മുറിയില്‍. കോവിഡ് സ്ഥിരീകരണനിരക്ക് രണ്ടുശതമാനത്തിനുമുകളിലുള്ള ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുമില്ല. ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണകന്നഡ, കുടക്, ഹാസന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ തുറന്നിട്ടില്ല. ബിരുദതലം മുതലുള്ള കോളജുകള്‍ മേയ് 26-മുതല്‍ തുറന്നു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം അനുവദിച്ചത്. ഇതിനുമുന്നോടിയായി കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ജൂലൈ 19 മുതല്‍ സിനിമാതിയേറ്ററുകളും തുറന്നിട്ടുണ്ട്. പകുതിസീറ്റുകളിലെ ആളുകളെ പ്രവേശിപ്പിക്കൂ.

തമിഴ്‌നാട്:

കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കേരളത്തില്‍ സാധാരണക്കാരനെ പൊലീസ് കോവിഡ് നിയന്ത്രണ ലംഘനമാരോപിച്ച് ഞെക്കിപ്പിഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഇടവരുത്തരുതെന്ന് പൊലീസിന് സര്‍ക്കാറിന്റെ കൃത്യമായ നിര്‍ദേശമുണ്ട്. ജനത്തെ ദ്രോഹിച്ചുള്ള പൊലീസ് നിയന്ത്രണത്തിന് പകരം ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് നിയന്ത്രണം നടത്തുന്നത്. സിനിമാതിയേറ്ററുകളും ബീച്ചുകളും ഉള്‍പ്പെടെ വിനോദസ്ഥലങ്ങള്‍ സംസ്ഥാനത്ത് തുറന്നു. ഒമ്പതുമുതല്‍ 12 വരെ ക്ലാസുകള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിദിന കേസുകള്‍ 37,500 വരെ ഉയര്‍ന്നിരുന്ന സംസ്ഥാനത്ത് കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇതിനെ മറികടന്നത്. മികച്ച പരിശോധനകള്‍, ചികിത്സാസൗകര്യം, കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ആവശ്യത്തിനുള്ള ഓക്‌സിജന്‍ സംഭരണം തുടങ്ങിയവയൊക്കെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ഏറെ ഗുണകരമായി. സ്വകാര്യ ആശുപത്രികളില്‍ വരെ കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാക്കി. മെയ്് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയതല്ലാതെ അമിതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ പ്രയാസപ്പെടുത്തിയില്ല. പരിശോധനകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. രോഗബാധിതരാകുന്നവരെയെല്ലൊം കണ്ടെത്തി ക്വാറന്റീനിലാക്കി. പത്തില്‍ക്കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവരെയും കൂട്ടപരിശോധന്ക്ക് വിധേയമാക്കി. എല്ലാ രോഗബാധിതരെയും ആശുപത്രികളിലേക്കും കോവിഡ് കെയര്‍ സെന്ററുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ 1.6 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധനനടത്തി. കോവിഡ് വ്യാപനം കുറഞ്ഞപ്പോഴും പരിശോധനകള്‍ കുറച്ചില്ല. ഒരു വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഉടന്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. ആര്‍.ടി. പി.സി. ആര്‍. മാത്രമാണ് തമിഴ്നാട്ടില്‍ നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യവുമുണ്ട്. 1585 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. 26.04 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 34,761 മരണവും സ്ഥിരീകരിച്ചു. 18603 സജീവ കേസുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. 98.3 ശതമാനംപേര്‍ രോഗമുക്തി നേടി

പുതുച്ചേരി:

ഇന്നലെ 71 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ പുതുച്ചേരിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,078 ആയി. ഇതില്‍ 1,20,509 പേര്‍ കോവിഡ് മുക്തി നേടി. 1809 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 760 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 3.15 ശതമാനമാണ് പുതുച്ചേരിയില്‍ ടി.പി.ആര്‍. കോവിഡ് മുക്തി നിരക്കാവട്ടെ 97.91 ശതമാനവും. സെപ്തംബര്‍ ഒന്നു മുതല്‍ 9-12 ക്ലാസുകളും കോളജുകളും തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 50 ശതമാനം കുട്ടികളുമായി ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

Trending