india

മരക്കൊമ്പ് മുഖത്തുതട്ടി യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപെട്ടു; പൊതുമരാമത്ത് വകുപ്പിനെതിരെ പരാതി

By webdesk12

December 27, 2022

ബസില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപെട്ടു. നെടുങ്കണ്ടം കല്ലാര്‍ മാനിക്കാട്ട് നിഷയ്ക്കാണ് (31)കാഴ്ച നഷ്ടപെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യുവതി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് നിഷ.

ജോലിക്കു പോകുന്നതിനായി കല്ലാറ്റില്‍ നിന്നും കട്ടപ്പനയിലേക്കുളള യാത്രയില്‍ എഴുകുംവയലിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രാമധ്യേ യുവതി സഞ്ചരിച്ച ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കൊമ്പ് കണ്ണിലേക്ക് വന്നടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ നിഷയെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തേനിയിലേക്ക് മാറ്റുകയായിരുന്നു.

തേനിയിലെ ആശുപത്രിയിലും വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ നിഷയെ പിന്നീട് മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനയില്‍ യുവതിയുടെ വലത് കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി. കണ്ണിലേക്കുള്ള ഞരമ്പുകള്‍ക്ക് പരുക്കേറ്റതാണ് കാഴ്ച കുറയാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.