2002 ലെ ലോകകപ്പ് ഫുട്‌ബോളിനൊരു സവിശേഷതയുണ്ടായിരുന്നു. ഏഷ്യ എന്ന വലിയ വന്‍കര ആദ്യമായി ആതിഥേയത്വം വഹിച്ച മഹാമാമാങ്കം. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ഒരു മാസത്തോളം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിനൊടുവില്‍ കപ്പുയര്‍ത്തിയത് ബ്രസീല്‍. ആ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ കന്നിക്കാരായിരുന്നു-തുര്‍ക്കി. അന്നും ഇന്നും ലോക വേദിയില്‍ തുര്‍ക്കിയുടെ ഏറ്റവും വലിയ ഫുട്‌ബോള്‍ നേട്ടം ഈ മൂന്നാം സ്ഥാനം തന്നെ. ആ നേട്ടത്തിലേക്ക് നാടിനെ നയിച്ചത് സിനോല്‍ ഗുനസ്. 20 വര്‍ഷം മുമ്പുള്ള ആ നേട്ടത്തിന്റെ നെറുകയില്‍ നിന്ന് ഇപ്പോള്‍ യൂറോ കളിക്കുന്ന തുര്‍ക്കി സംഘത്തിലേക്ക് വന്നാല്‍ അവിടെയുമുണ്ട് സിനോല്‍ ഗുനസ്- ടീമിന്റെ ഹെഡ് കോച്ചായി.

2002 ലെ നേട്ടത്തിന് ശേഷം 15 വര്‍ഷം അധികമാരും കേട്ടിരുന്നില്ല സിനോലിന്റെ നാമധേയം. പക്ഷേ 2019 ല്‍ അദ്ദേഹത്തെ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യം വീണ്ടും കണ്ടത് മിന്നും നേട്ടങ്ങള്‍. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യൂറോ യോഗ്യത നേടിയത്.

ഡച്ചുകാരെയും തോല്‍പ്പിച്ച പാരമ്പര്യം. ശനിയാഴ്ച്ച റോമില്‍ തുര്‍ക്കിയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്-ഇറ്റലിക്കെതിരെ. ഗ്രൂപ്പ് എ യില്‍ വെയില്‍സും സ്വിറ്റ്‌സര്‍ലാന്‍ഡുമാണ് മറ്റ് പ്രതിയോഗികള്‍. തുര്‍ക്കി യൂറോ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നില്ല. പക്ഷേ ഗ്രൂപ്പിലെ അവരുടെ രണ്ട് മല്‍സരങ്ങള്‍ അസര്‍ബെയ്ജാന്‍ നഗരമായ ബാക്കുവിലാണ്. ഇവിടെ തുര്‍ക്കി അനുകൂലികള്‍ ധാരാളമുള്ളതിനാല്‍ സ്വന്തം മൈതാനത്ത് കളിക്കുന്ന പ്രതീതിയായിരിക്കും. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും ആദ്യ മല്‍സരത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും യൂറോയിലും അത് സംഭവിക്കുമെന്നും സിനോല്‍ കരുതുന്നു.

ബുറാക് യില്‍മാസ് എന്ന 35 കാരനാണ് ടീമിന്റെ മുന്നണി പോരാളി. പി.എസ്.ജിയെ തോല്‍പ്പിച്ച് ഫ്രഞ്ച് ലീഗ് കിരീടം ലിലേക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍നിരക്കാരനാണ് യില്‍മാസ്. നായകനെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും യുവനിരയാണ്. യില്‍മാസിനെ കൂടാതെ ലാലീഗയില്‍ ഗെറ്റാഫെക്കായി കളിക്കുന്ന ഇനസ് ഉനാല്‍, ഗലറ്റസറയുടെ ഹലീല്‍ ഇബ്രാഹീം എന്നിവരാണ് മുന്‍നിരയിലെ പ്രധാനികള്‍. രാജ്യത്തെ പ്രമുഖ ക്ലബുകളായ ഫെനര്‍ബാഷേ, ഗലറ്റസറെ, ബെസികിറ്റസ് എന്നിവരുടെ താരങ്ങളാണ് ടീമിലധികവും.