തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ നേരിട്ട ദമ്പതികളുടെ മരണത്തില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് പൊങ്കാലയിടുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ദമ്പതികളുടെ ആത്മഹത്യാ ശ്രമത്തെ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്ത നടപടിയും എല്ലാം സമൂഹ മാധ്യമങ്ങളില്‍ പൊലീസിനെതിരെ ഉയര്‍ത്തുന്നു.

പൊലീസിന്റെ അനാസ്ഥയില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞതിനു പുറമെ, കൊന്നിട്ടും തീരാത്ത പകയിലും പൊലീസിനെതിരെ പ്രതിഷേധമുണ്ട്. മരിച്ച പിതാവിന്റെ കുഴി വെട്ടാന്‍ വേണ്ടി ഒരുങ്ങിയ മകനോട് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ മനുഷ്യത്വരഹിതമായ വാക്ക് ഉയര്‍ത്തിക്കാട്ടിയും പ്രതിഷേധങ്ങളുണ്ട്. കുഴിവെട്ടുന്നതു തടയാന്‍ വന്ന ഉദ്യോഗസ്ഥനോട് എന്റെ അമ്മ കൂടി മാത്രമേ മരിക്കാനുള്ളൂ സാറേ എന്നു പറഞ്ഞപ്പോള്‍ അതിനു ഞാനെന്തു വേണം എന്നായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്.

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്‍കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.