‘മോദി നല്‍കാമെന്ന് പറഞ്ഞ ആ 15 ലക്ഷത്തിന്റെ കഥ ഇതാണ്’; വെളിപ്പെടുത്തലുമായി നിതിന്‍ ഗഡ്കരി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രം വെളിപ്പെടുത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് കരുതിയിരുന്നില്ലെന്ന് അതിനാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നുമാണ് നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ ഷോയിലാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന് ഒരുക്കിലും കരുതിയിരുന്നില്ല. അതിനാല്‍ യുക്തിക്ക് നിരക്കാത്ത വലിയ വാഗ്ദാനങ്ങളാണ് ഞങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തി. എന്നാല്‍ ഈ ദിവസങ്ങളില്‍ വെറുതെ ചിരിച്ച് തള്ളി നടന്നനീങ്ങുകയാണ് ഞങ്ങള്‍ ചെയ്യുന്നത്’, ഇതായിരുന്നു ഗഡ്കരി ടിവി ഷോയില്‍ പറഞ്ഞത്.
ഗഡ്കരിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ജനങ്ങളെ കബളിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. താങ്ങള്‍ പറഞ്ഞതാണ് ശരിയെന്നും ജനങ്ങള്‍ ചിന്തിക്കുന്നതും ഈ നിലയിലാണെന്നും ഗഡ്കരിയെ ഉദ്ദേശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.