ന്യൂഡല്‍ഹി: പാക്കിസ്താനിലേക്ക് പോയ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മതപണ്ഡിതന്‍മാരെ കാണാതായി. സയ്യിദ് ആസിഫ് അലി നിസാമി(80), നസീം നിസാമി(60) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

indian-clerics-jpg-image-784-410

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഇരുവരും പാക്കിസ്താനിലേക്ക് പോകുന്നത്. ലാഹോറിലെ ദാത്താ ദര്‍ബാര്‍ സൂഫി പള്ളി സന്ദര്‍ശിക്കുന്നതിനാണ് ഇവര്‍ പാക്കിസ്താനിലെത്തിയത്. ലാഹോറിലേക്ക് പോകുന്ന വഴി കറാച്ചി വിമാനത്താവളത്തില്‍ നിന്ന് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് സയ്യിദ് ആസിഫലി നിസാമുദ്ദീന്റെ മകന്‍ സയ്യിദ് അലി നിസാമി പറയുന്നു. മാര്‍ച്ച് 15ന് ലാഹോറിലെ വിമാനത്താവളത്തില്‍വെച്ച് ചില രേഖകളില്‍ വ്യക്തത വരുത്താനുണ്ടെന്ന് ആവശ്യപ്പെട്ട് നസീം നിസാമിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. എന്നാല്‍ തന്റെ പിതാവിനോട് യാത്ര തുടരാന്‍ ആവശ്യപ്പെട്ടതായും മകന്‍ പറയുന്നു. ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും പാക്കിസ്താനില്‍ തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് ഇതിനുമുമ്പും പോയിട്ടുണ്ട്.

സംഭവം പാക് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുമെന്നും സുഷമാസ്വരാജ് അറിയിച്ചു.