ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ‘ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്. ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്.

കഴിഞ്ഞ ദിവസമാണ് ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് വക്കീല്‍ നോട്ടിസ് അയച്ചത്.

നേരത്തേ കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ദാദിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍വച്ചാണ് അവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

സി.എ.എ- എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ആളാണ് ബില്‍കീസ് ബാനു. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിതകളുടെ പട്ടികയിലും അവര്‍ ഇടംപിടിച്ചിരുന്നു.