18വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ചിത്രീകരിക്കുന്ന സീരിയല്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ‘പഹരെദാര്‍ പിയ കി’ എന്ന ഹിന്ദി സീരിയലാണ് നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്.

സീരിലിലെ രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന് വിവിധ കോണുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുവാദങ്ങളുമായി നായിക തേജസ്വി പ്രാകാശ് തന്നെ രംഗത്തെത്തി. ‘പഹരെദാര്‍ പിയ കി’ എന്ന സീരിയലിലൂടെ തങ്ങള്‍ പുരോഗമന ആശയമാണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് നായികയുടെ വാദം. സീരിയലിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ആളുകള്‍ കാണുന്നത്. മുഴുവന്‍ കണ്ട് അഭിപ്രായം പറയുകയാണ് വേണ്ടതെന്നും തേജസ്വി പറയുന്നു. ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ട് അതിനെ വിമര്‍ശിക്കുന്നതുപോലെയാണിതെന്നും നായിക പറയുന്നു.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് സീരിയല്‍ നിരോധിക്കണമെന്ന പരാതി സ്മൃതി ഇറാനിക്ക് നല്‍കി. പെറ്റീഷന്‍ ഓഫ് ചാര്‍ജ് ഡോട്ട് കോമിലൂടെയാണ് ജനങ്ങള്‍ സീരിയലിനെതിരെയുള്ള പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ സീരിയലിന് വന്‍വിമര്‍ശനമാണ് ലഭിക്കുന്നത്. വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നായിക തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.