ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കിയ 1000, 500 നോട്ടുകള്‍ പാകിസ്താനും കള്ളനോട്ട് സംഘങ്ങള്‍ക്കും നിര്‍മിക്കാനാവില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ആര്‍ക്കും പകര്‍ത്താന്‍ പറ്റാത്ത നിലക്കുള്ള ക്രമീകരണങ്ങളാണ് നോട്ടുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി നോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കുന്നില്ല. സുരക്ഷാ ഏജന്‍സികളായ ഡിആര്‍.ഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവര്‍ നോട്ടുകളിലെ പ്രത്യേകതകള്‍ മനസ്സിലാക്കിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളാണ് പാകിസ്താനിലെ പെഷവാര്‍ കേന്ദ്രീകരിച്ച് കള്ളനോട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവ ഇന്ത്യയിലോട്ട് കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വര്‍ഷംതോറും 70 കോടിയുടെ കള്ളനോട്ടുകള്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് വിവരം.