kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് വാര്‍ഡ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

By webdesk18

December 09, 2025

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.എസ്. ബാബു (59) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് പെട്ടെന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നു പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും മലപ്പുറത്ത് ഒരു സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചിരുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്.

ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരവും കൊല്ലവും എറണാകുളവും ഉള്‍പ്പെടെ മൂന്ന് കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍ എന്നിവയിലായി 595 തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

വടക്കന്‍ കേരളത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.

കണ്ണൂരിലെ 14 വാര്‍ഡുകളിലും കാസര്‍ഗോഡിലെ രണ്ട് സ്ഥലങ്ങളിലും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ ജയിച്ചതിനാല്‍ വോട്ടെടുപ്പില്ല. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി കഴിയാത്തതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് നടക്കില്ല.