ലക്‌നോ: ഉത്തര്‍പ്രദേശിലെ കനൗജില്‍ സ്വര്‍ണം ലഭിക്കാനായി ദുര്‍മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ 15 വയസ്സുകാരിയെ ബലി നല്‍കി. സ്വര്‍ണ വ്യാപാരിയായ മഹാവീര്‍ പ്രസാദ്(55) ഭാര്യ പുഷ്പ (50) എന്നിവരാണ് മകള്‍ കവിതയെ ബലി നല്‍കിയത്. കുട്ടിയുടെ മൃതദേഹം മന്ത്രവാദി ബലാത്സംഗം ചെയ്ത് വികൃതമാക്കിയതായും പൊലീസ് പറഞ്ഞു. മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്വര്‍ണ വ്യാപാരിയായ മഹാവീര്‍ പ്രസാദിന് സാമ്പത്തിക ഞെരുക്കം നേരിട്ടതോടെ പ്രശ്‌ന പരിഹാരത്തിനായി കുടുംബം കൃഷ്ണ ശര്‍മ്മ എന്ന മന്ത്രവാദിയെ സമീപിച്ചു. മകളെ ബലി നല്‍കിയാല്‍ ഉടന്‍ തന്നെ അഞ്ചുകിലോ സ്വര്‍ണം ലഭിക്കുമെന്ന് ഇയാള്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. ഇതനുസരിച്ചാണ് മഹാവീര്‍ പ്രസാദും പുഷ്പയും മകളെ ബലി നല്‍കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ പ്രാര്‍ത്ഥനക്കെന്ന് പറഞ്ഞ് മാതാപിതാക്കള്‍ കവിതയെ സമീപത്തെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ നടന്ന പ്രാര്‍ത്ഥനക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ ആല്‍മരത്തിന് ചുവട്ടിലെത്തിച്ച് പെണ്‍കുട്ടിയെ മുന്നില്‍ നിര്‍ത്തി മന്ത്രവാദി പ്രത്യേക പൂജ നടത്തി. ഒടുവില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിവസ്ത്രമാക്കുകയും മാതാപിതാക്കളുടെ മുന്നിലിട്ട് മൃതദേഹത്തില്‍ ലൈംഗീകവേഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് കഴുത്തുമുറിച്ച് രക്തം ശേഖരിച്ച് ദൈവത്തിനു സമര്‍പ്പിച്ചു. മൃതദേഹം താന്‍ സംസ്‌കരിച്ചോളാം എന്ന് പറഞ്ഞ് മതാപിതാക്കളെ മന്ത്രവാദി തിരിച്ചയക്കുകയും ചെയ്തു. വീട്ടിലെത്തി ഒരു ദിവസം കഴിഞ്ഞിട്ടും സ്വര്‍ണം കിട്ടാതായതോടെ മകളെ മന്ത്രവാദി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മഹാവീര്‍ പൊലീസില്‍ പരാതി നല്‍കി. വിശദമായി ചോദ്യം ചെയ്തതോടെയാണ് മാതാപിതാക്കള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.