സംസ്ഥാനത്തു പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതു പുനഃപരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വസ്തുതകളും സര്‍ക്കാര്‍ പരിശോധിക്കണം. പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനം എടുത്തില്‍ മന്ത്രി ടി പി രാമകൃഷ്ണനോട് വെള്ളിയാഴ്ച ചേര്‍ന്ന യോഗം അതൃപ്തി പ്രകടിപ്പിച്ചു.

ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ സാധൂകരിക്കുന്ന നടപടിയാണ് സി.പി.എം സെക്രട്ടറിയേറ്റ് കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു വേണമായിരുന്നു നയം മാറ്റമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ശ്രീചക്ര ഡിസ്റ്റിലറിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്. പവര്‍ ഇന്‍ഫോടെക്കിനു കിന്‍ഫ്രയില്‍ ഭൂമി അനുവദിച്ചതിലും സുതാര്യതയില്ല. വേണ്ടത്ര മുന്നൊരുക്കളും ചര്‍ച്ചകളുമില്ലാതെ അനുവദിച്ചതിനാല്‍ അനാവശ്യ വിവാദം ക്ഷണിച്ചു വരുത്തി. ഈ സാഹചര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് സെക്രട്ടേറിയറ്റ് നിര്‍ദേശം.

അതേസമയം ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. പാര്‍ട്ടിയിലും പുറത്തും തുറന്ന ചര്‍ച്ചയിലൂടെയാണ് മദ്യനയം മാറ്റി ബാറുകള്‍ തുറന്നത്. ആ സുതാര്യത ഡിസ്റ്റലറികളുടേയും ബ്രൂവറികളുടേയും കാര്യത്തില്‍ ഉണ്ടായില്ലെന്നും സി പി എം വിലയിരുത്തുന്നു. മന്ത്രി ടി പി രാമകൃഷ്ണനെ വെട്ടിലാക്കിയിരിക്കുകയാണ് പാര്‍ട്ടിയുടെ പുനപരിശോധനാ നിര്‍ദേശം.