കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിലില്‍ െ്രെകബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസില്‍ രാഷ്ട്രീയ ചായ്‌വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. സിംഗിള്‍ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്.

രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആറില്‍ വ്യക്തമായുണ്ടെന്ന് കോടതി പറഞ്ഞു. കൂടാതെ കൊല നടത്തിയതിന് ശേഷം പ്രതികള്‍ പോയത് സിപിഎം ഓഫീസിലേക്കാണ്. അതുകൊണ്ടുതന്നെ കൊല സിപിഎം ആസൂത്രണം ചെയ്തതാകാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിത്. കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേശമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.

വ്യക്തി വൈരാഗ്യമാണ് കൊസപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികള്‍ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയുള്ള കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ എന്ന് ഓര്‍മ്മിപ്പിച്ചു.