സിനിമയില്‍ ഉപയോഗിച്ച നമ്പര്‍ പൊല്ലാപ്പായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സൂപ്പര്‍ താരത്തിനെതിരെ നഷ്ടപരിഹാരം തേടി കോടതിയിലെത്തി. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍ നായകനായ ‘രാജ്‌നീതി’ എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പര്‍ തന്റേതാണെന്നും അന്നു മുതല്‍ ‘ആരാധകരുടെ’ നിര്‍ത്താതെയുള്ള കോളുകള്‍ കാരണം തന്റെ ജീവിതം ദുസ്സഹമായെന്നും കാണിച്ച് ഇജാജുല്‍ മിയ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഷാകിബ് ഖാന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രത്തിലെ ഒരു രംഗത്തില്‍ നായകന്‍ നായികയ്ക്ക് നല്‍കുന്ന ഫോണ്‍ നമ്പറാണ് പൊല്ലാപ്പായത്. തന്റെ കൈവശമുള്ള ഫോണിലേക്ക്, ചിത്രം പുറത്തിറങ്ങിയ ജൂലൈ മുതല്‍ വിളികളുടെ നിര്‍ത്താത്ത പ്രവാഹമാണെന്ന് ഇജാജുല്‍ മിയ പറയുന്നു. 500 കോളുകള്‍ വരെയാണ് ഓരോ ദിവസവും ലഭിക്കുന്നത്. വിളിക്കുന്നതില്‍ അധികവും ഷാകിബ് ഖാന്റെ ആരാധകരായ പെണ്‍കുട്ടികളും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നും മിയ പരാതിയില്‍ പറയുന്നു.

ശല്യം കൂടിയതോടെ പരാതിപ്പെടുകയല്ലാതെ വഴിയില്ലെന്ന് മിയ പറയുന്നു. ജോലിയുടെ ഭാഗമായി നമ്പര്‍ പലര്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ അത് മാറ്റാന്‍ കഴിയില്ല. ഇതു സംബന്ധിച്ച് ആദ്യം പരാതി നല്‍കിയപ്പോള്‍ കോടതി അത് അംഗീകരിച്ചില്ല. എന്നാല്‍ ഫോണ്‍ കൊണ്ടുള്ള ‘ബുദ്ധിമുട്ട്’ നേരില്‍ ബോധ്യപ്പെടുത്തിയപ്പോഴാണ് വിചാരണക്കെടുക്കാന്‍ ന്യായാധിപന്‍ സന്നദ്ധമായത്.

ബംഗ്ലാദേശിലെ ജനപ്രിയ നടനും സംവിധായകനുമായ ഷാക്കിബ് ഖാന്‍ വിവാദത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.