തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല പറഞ്ഞു. തട്ടിപ്പുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

‘മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം’, ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍. അവിടെ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് ആശുപത്രി അധികൃതരോട് ഇഡി വ്യക്തമാക്കി. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി തള്ളിയത്. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്ന് വിവരമുണ്ടായിരുന്നു. ഹര്‍ജികള്‍ തള്ളി മിനിറ്റുകള്‍ക്കുള്ളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.