മലപ്പുറം: ശബരിമല വിഷയം വെച്ച് കേരളത്തെ ബി.ജെ.പിയുടെ തട്ടകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് കഴിയും. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമം. അമിത്ഷായും മോദിയും കേരളത്തില്‍ വരുന്നതും ഈ ലക്ഷ്യം വെച്ചാണ്. ശബരിമല വിഷയം കത്തിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാമെന്നും അതുവഴി കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാമെന്നും ബി.ജെ.പിയും എല്‍.ഡി.എഫും കരുതുന്നു. സ്ത്രീകള്‍ക്ക് മലകയറാന്‍ സൗകര്യമൊരുക്കിക്കൊടുത്തുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. വിഷയത്തില്‍ സമാധാനപരമായി സമരപരിപാടികള്‍ നടത്താനാണ് യു.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.