തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതൊക്കെ ഫയലുകള്‍ നഷ്ടമായി എന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാലം വരെ ഇല്ലാത്ത സംഭവമാണ്. അത് ഒരു തരത്തിലും വിശ്വസനീയമല്ല. അവിടെ ഇ-ഫയലാണ് എന്നാണ് പറയുന്നത്. അവിടെ മുഴുവന്‍ ഇ-ഫയല്‍ അല്ല. അത് ശരിയായ വാര്‍ത്തയല്ല. ഒരു തരത്തിലും പുറത്തുകാണിക്കാന്‍ പറ്റാത്ത സിസിടിവി ദൃശ്യങ്ങളുണ്ട്. കൈയില്‍ പെട്ടുപോയാല്‍ കുടുങ്ങുന്ന ഫയലുകളുമുണ്ട്. അത് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. വിഷയത്തില്‍ എന്‍.ഐ.എ അന്വേഷണം വേണം- അദ്ദേഹം ആവശ്യപ്പെട്ടു.