kerala

കേരളത്തില്‍ ഇന്ന് തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്

By webdesk18

December 09, 2025

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. നിശബ്ദ പ്രചാരണം അവസാനിച്ചതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.

വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ രാഷ്ട്രീയ വിവാദങ്ങളും പ്രാദേശിക വികസന വാഗ്ദാനങ്ങളും ജനമനസ്സില്‍ ഏര്‍പ്പെടുത്തിയ സ്വാധീനത്തിന്റെ യഥാര്‍ത്ഥ പരിശോധന തന്നെയാണിന്നത്തെ വോട്ടെടുപ്പ്.

ആദ്യഘട്ടത്തില്‍ 1,32,83,789 വോട്ടര്‍മാര്‍ 36,620 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണ്ണയിക്കും. മത്സരാര്‍ത്ഥികളില്‍ 17,046 പുരുഷന്മാര്‍, 19,573 സ്ത്രീകള്‍, ഒരാള്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കൂടിയില്ലാതെ, എല്ലാ ബൂത്തുകളും പോളിംഗിന് സജ്ജമായി. ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങളും സാമഗ്രികളും തിങ്കളാഴ്ച ഉച്ചയോടെ എല്ലാ കേന്ദ്രങ്ങളിലേക്കും എത്തിച്ചിരുന്നു.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആകെ 15,422 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാണ്. ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ കര്‍ശനമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോളിംഗിനായി 15,432 കണ്‍ട്രോള്‍ യൂണിറ്റുകളും 40,261 ബാലറ്റ് യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്.

ഇന്നത്തെ വോട്ടിങ്ങിലൂടെ ഏഴ് ജില്ലകളിലെ രാഷ്ട്രീയ സാഹചര്യവും ജനങ്ങളുടെ മനോഭാവവും വ്യക്തമാകുന്നതോടൊപ്പം, നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ കണക്ക് കൂട്ടലുകള്‍ക്കും ഇത് നിര്‍ണായക സൂചനകളാകാനാണ് സാധ്യത.