പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അതേസമയം, ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റോയി ഡാനിയലിന്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചു.

തട്ടിപ്പില്‍ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ് ദിവസം ദില്ലിയില്‍ നിന്ന് പിടിയിലായ റോയിയുടെ മക്കളെ കേരളത്തിലെത്തിച്ചു. അതേസമയം സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്‌സ് പോപ്പുലര്‍ പ്രിസ്‌റ്റേഴ് പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്. റോയിയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തില്‍ അക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.