ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം ബ്രിട്ടന്‍ ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരേസ മേയ് പറഞ്ഞു. അതേ സമയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ലിംഗായത്തുകളെ സ്വാധീനിക്കാനായി ലണ്ടനിലെ ബസവേശ്വര പ്രതിമയില്‍ മോദി ഹാരാര്‍പ്പണം നടത്തി. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയത്. ഇന്നും നാളെയും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലവന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുമ്പോഴുണ്ടാകുന്ന വാണിജ്യ, വ്യാപാര നഷ്ടങ്ങള്‍ കോമണ്‍വെല്‍ത്ത് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലൂടെ മറികടക്കാമെന്നാണ് ബ്രിട്ടന്റെ കണക്കുകൂട്ടല്‍. അതേ സമയം ലണ്ടനിലെത്തിയ മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമാണ്. കത്വ, ഉന്നാവോ കേസുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മോദിക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തു വന്നത്. മോദി വീട്ടില്‍ പോവുക, വിദ്വേഷത്തിന്റേയും ആര്‍ത്തിയുടേയും അജണ്ട ഉയര്‍ത്തുന്ന മോദിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട് എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്തെ ഡൗണിങ് സ്ട്രീറ്റില്‍ ഒരുമിച്ചത്.