കല്ല്യാണി(ബംഗാള്‍): പബ്ജി കളിയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥിയും 21കാരനുമായ യുവാവ് ആത്മഹത്യ ചെയ്തായി പൊലീസ്. ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ പ്രിതം ഹല്‍ദര്‍ എന്ന വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാത്തതോടെ അയല്‍ക്കാരെ വിളിച്ച് വാതില്‍ തകര്‍ത്തപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മകന്‍ പതിവായി പബ്ജി കളിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.