നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാക്കെതിരെ പള്‍സര്‍സുനിയുടെ മൊഴി. നാദിര്‍ഷാ തനിക്ക് 25,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനി പറഞ്ഞു.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് ദിലീപിന്റെ നിര്‍ദ്ദേശാനുസരണം നാദിര്‍ഷ തനിക്ക് 25000രൂപ നല്‍കിയെന്ന് സുനി പറഞ്ഞു. തൊടുപുഴയില്‍ കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് പണം തന്നതെന്നും സുനി വ്യക്തമാക്കി. നേരത്തെ കേസില്‍ നാദിര്‍ഷക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ആലുവയിലെ വി.ഐ.പി പറയട്ടെ ബന്ധമെന്നാണ് സുനി പറഞ്ഞത്. അതിനുശേഷമാണ് പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്. പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ അടിസ്ഥാനത്തിലും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറാകാതെ ആസ്പത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജ്ജായി. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.