ദോഹ: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയുടെ അവസാന ദിവസമായ വ്യാഴാഴ്ചയും നിരവധി പേര്‍ ആനുകൂല്യം നേടാനായി ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ എത്തി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് ആന്റ് ഫോളോ അപ്പില്‍ നല്ല തിരക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധിയുടെ അവസാന ദിവസമായിട്ട് പോലും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന നിരവധി പേര്‍ മതിയായ രേഖകളില്ലാതെയാണ് കാര്യാലയത്തിലെത്തിയതെന്ന് സെര്‍ച്ച് ആന്റ് ഫോളോ അപ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനാണ് ഖത്തര്‍ സര്‍ക്കാര്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
പൊതുമാപ്പിനെ കുറിച്ച് അടുത്തിടെയാണ് താന്‍ അറിഞ്ഞതെന്നും തിങ്കളാഴ്ച മുതല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഓഫീസിലെത്തിയപ്പോള്‍ അടുത്ത പ്രവൃത്തി ദിവസം വരാനാണ് സെര്‍ച്ച് ആന്റ് ഫോളോ അപിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതെന്ന് ബംഗ്ലാദേശ് സ്വദേശി പറഞ്ഞു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കുറച്ച് കൂടി ദിവസം അനുവദിക്കുമെന്ന്് കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. തങ്ങളെ സമീപിക്കുന്ന അനധികൃത തൊഴിലാളികള്‍ക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്നുണ്ട്. എന്നാല്‍ പലരും വരുന്നത് അപൂര്‍ണമായ രേഖകളുമായാണ്. രേഖകള്‍ ശരിയാക്കുന്നതിന് കുറച്ചൂകൂടി ദിവസം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ ഖത്തര്‍ ട്രിബ്യൂണിനോട് വെളിപ്പെടുത്തി.
പൊതുമാപ്പിന്റെ കാലാവധിയുമായി ബന്ധപ്പട്ട് എന്തെങ്കിലും ഇളവ് നല്‍കുന്നതായി എംബസിക്ക്് വ്യഴാഴ്ച വരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ അംബസഡര്‍ പി കുമരന്‍ പറഞ്ഞു. ഖത്തര്‍ 2004ലാണ് ഇതിന് മുമ്പ് അനധികൃത താമസക്കാര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 20 വരെയായിരുന്നു അത്. ഇക്കാലയളവില്‍ 6000ത്തോളം അനധികൃത താമസക്കാര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികൃതര്‍ ഒരു മാസം കൂടി കാലാവധി നീട്ടുകയും കൂടുതല്‍ പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
Be the first to write a comment.