തിരുവനന്തപുരം: നോട്ടുകളുടെയും ചില്ലറകളുടെയും ക്ഷാമം പരിഹരിക്കാന്‍ ‘കാശുരഹിത’ യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറെടുക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേപോലെ പ്രയാസമുണ്ടാക്കുന്ന കറന്‍സി ക്ഷാമത്തെ നേരിടാന്‍ പ്രത്യേക യാത്രാ കാര്‍ഡുകള്‍ ഇറക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. 1000, 1500, 3000 രൂപയുടെ കാര്‍ഡുകള്‍ ഇറക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. യു.ഡി.എഫ് സര്‍ക്കാറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ആശയം പുതിയ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.

bus_1595876f

ധനമന്തിയും ഗതാഗതമന്ത്രിയും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആയിരം രൂപയുടെ കാര്‍ഡുകള്‍ ജില്ലക്കുള്ളില്‍ ഓര്‍ഡിനറി ബസുകളിലെ യാത്രക്കായി ഉപയോഗിക്കാം. 1500 രൂപയുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലും യാത്ര ചെയ്യുന്നതിന് 3000 രൂപയുടെ കാര്‍ഡ് ഉപയോഗിക്കണം. ഒരാളുടെ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.
എ.ടി.എം കാര്‍ഡുകളുടെ വലുപ്പമായിരിക്കും യാത്രാ കാര്‍ഡുകള്‍ക്കമുണ്ടാവുക. കാര്‍ഡിന് പുറത്ത് തിരിച്ചറിയല്‍ നമ്പറും യാത്രക്കാരന്റെ പേരും രേഖപ്പെടുത്തിയിരിക്കും. കണ്ടക്ടറിനെ യാത്രാ കാര്‍ഡും അതില്‍ വ്യക്തമാക്കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയും കാണിച്ച് ബസുകളില്‍ യാത്ര ചെയ്യാം. ആദ്യഘട്ടമെന്ന നിലയില്‍ പതിനായിരം കാര്‍ഡുകള്‍ ഇറക്കാനാണ് തീരുമാനം.