അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: മൂന്നര വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിച്ചതായി കുവൈത്ത് . സഊദിയില്‍ നിന്ന് ഖത്തറിലേക്കുള്ള കര നാവിക വ്യോമ അതിര്‍ത്തി തുറന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ നാസര്‍ അല്‍ സബാഹ് അറിയിച്ചു. സഊദി അറേബ്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജിസിസി ഉച്ചകോടി ഇന്ന് സഊദിയിലെ അല്‍ ഉലയയില്‍ നടക്കാനിരിക്കേയാണ് ചരിത്ര പ്രാധാന്യമുള്ള പ്രഖ്യാപനം. ഇതോടെ ജിസിസി ഉച്ചകോടി പ്രൗഢിയുള്ള പഴയ പ്രതാപത്തിലേക്ക് ഉയരുമെന്നും അംഗരാജ്യങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനങ്ങള്‍ പശ്ചിമേഷ്യയെ കരുത്തുറ്റതാക്കുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . കഴിഞ്ഞ മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഖത്തറുമായുള്ള ഇടച്ചിലിന് പരിഹാരം കാണാന്‍ കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമം ഫലം കാണുകയായിരുന്നു.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ സഊദി, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളും ഈജിപ്ത്, മാലിദ്വീപ്, മൗറിറ്റാനിയ, സെനഗല്‍, ജിബൂട്ടി, കൊമോറോസ്, ജോര്‍ദാന്‍, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളും തീരുമാനിച്ചത്. ഉപരോധം പിന്‍വലിക്കുന്ന വാര്‍ത്ത പരന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ആഹ്ലാദ തിമര്‍പ്പിലാണ്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ 41മത് ജിസിസി ഉച്ചകോടി നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് നേരത്തെ സൂചന നല്‍കിയിരുന്നു. ലോകം ഉറ്റുനോക്കിയ പ്രതിസന്ധിക്ക് പരിഹാരമായതോടെ ഇന്ന് നടക്കുന്ന ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഏറെ പ്രാധാന്യമുള്ളതായിരുക്കും. ഇറാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധത്തെ കുറിച്ച് ഐക്യകണ്ഡേനയുള്ള തീരുമാനമായിരുക്കും ഉച്ചകോടിയിലുണ്ടാവുക.