india

കൊടും തണുപ്പിലും ഡല്‍ഹി എയിംസിന് മുമ്പില്‍ തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി

By webdesk13

January 18, 2025

ഡല്‍ഹി എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റോഡുകളിലും ഫൂട്ട്പാത്തിലും സബ്വേകളിലും കഴിയുന്ന ആളുകളെയാണ് രാഹുല്‍ സന്ദര്‍ശിച്ചത്. എക്‌സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

എയിംസില്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് കേന്ദ്രസര്‍ക്കാറിനേയും ഡല്‍ഹി സര്‍ക്കാറിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തു. എയിംസ് ആശുപത്രിക്ക് പുറത്ത് കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരായ രോഗികളേയും അവരുടെയും കുടുംബാംഗങ്ങളെയും കണ്ടുവെന്ന് ഇതുസംബന്ധിച്ച വിഡിയോ എക്‌സില്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചു.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ അഭയസ്ഥാനം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ ഒരു സൗകര്യവും ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി-കേന്ദ്രസര്‍ക്കാറുകള്‍ എന്തിനാണ് ഇവര്‍ക്കെതിരെ കണ്ണടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എക്‌സില്‍ കുറിച്ചു. ഇത് തികച്ചും പരിഹാസ്യമാണ്. ഇവിടുത്തെ ആളുകള്‍ കഷ്ടപ്പെടുകയാണ്. അവര്‍ ഓരോ നിമിഷവും മരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.