ന്യൂഡല്‍ഹി: കള്ളം പറയുന്ന കാര്യത്തില്‍ മോദിയോട് പിടിച്ചു നില്‍ക്കുക അസാധ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ലോക്ഡൗണും നോട്ടു നിരോധനവും ചെറുകിട കര്‍ഷകരെയും ബിസിനസുകാരെയും തൊഴിലാളികളെയും നശിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ബിഹാറിലെ ബാല്‍മികി നഗറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രസംഗങ്ങളിലൊന്നും നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനെ കുറിച്ച് മിണ്ടാറില്ല. കാരണം അദ്ദേഹത്തിനറിയാം ആ പറഞ്ഞതെല്ലാം കള്ളമാണെന്ന്. കേട്ട ജനങ്ങള്‍ക്കും അതറിയാം. പ്രധാനമന്ത്രിയെങ്ങാനും ഇപ്പോള്‍ ഇവിടെ വന്ന് രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞാല്‍ എനിക്കുറപ്പാണ്, ജനം അദ്ദേഹത്തെ ഓടിക്കും-രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ എങ്ങനെ സേവിക്കണമെന്ന് നമുക്കറിയാം. കര്‍ഷകര്‍ക്കൊപ്പം നിന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും നാമത് ചെയ്യും. എന്തെന്നാല്‍ നമുക്ക് കള്ളം പറയാനറിയില്ല. നുണകള്‍ പറയുന്നതില്‍ അദ്ദേഹത്തോട് പിടിച്ചു നില്‍ക്കുക അസാധ്യമാണെന്നും രാഹുല്‍ പറഞ്ഞു.

സര്‍ക്കാര്‍ വന്‍കിട വ്യവസായികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ചെറുകിട കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരെ നശിപ്പിക്കുക എന്നതായിരുന്നു നോട്ടു നിരോധനത്തിന്റെയും ലോക്ഡൗണിന്റെയും ഉദ്ദേശ്യം. ലോക്ഡൗണിനു ശേഷം ബാങ്കില്‍ നിക്ഷേപിച്ച പണമെല്ലാം ഉപയോഗിച്ച് മോദി ഇന്ത്യയിലെ വ്യവസായികളുടെ 3,50,000 കോടി രൂപ വായ്പ എഴുതിത്തള്ളിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.