ആലപ്പുഴ: ചാനലിന്റെ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ മടങ്ങി. കുട്ടനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷമായിരുന്നു സംഭവം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്ക് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ നിന്നപ്പോള്‍ ഒരു ചാനലിന്റെ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി കാറില്‍ക്കയറി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.

മുഖ്യമന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതിന് ശേഷമാണ് തിക്കും തിരക്കുമുണ്ടായത്. ഇതിനിടയില്‍ മൈക്ക് ശരീരത്തില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ഒന്നും മിണ്ടാതെ ഉടന്‍തന്നെ കാറില്‍ കയറി പോയി. ആരൊക്കെയോ തിക്കിത്തിരക്കിയതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ പോയതെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.