റായ്പൂര്‍: വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്‌തെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്‌തെന്ന സംശയത്തെ തുടര്‍ന്നാണ് പിന്റു എന്നയാള്‍ റായ്പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം.

വിവാഹത്തിന് തയ്യാറെടുത്തിരുന്ന പ്രതിക്ക് വിവാഹം നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. പലതവണകളിലായി 12-ഓളം പെണ്‍കുട്ടികളെ കണ്ടെങ്കിലും അവയെല്ലാം മുടങ്ങുകയായിരുന്നു. വിവാഹനിശ്ചയത്തോളമെത്തിയ പല ആലോചനകളും വിവിധ കാരണങ്ങള്‍ കൊണ്ട് മുടങ്ങിയ സമയത്താണ് വീടിന്റെ സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കണ്ടെടുത്തത്. ഇത് പിന്റുവിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയായിരുന്നു. അയല്‍ക്കാരിയായ അമേരിക്ക പട്ടേല്‍ എന്ന യുവതി തന്റെ വിവാഹം മുടക്കാനായി കൂടോത്രം ചെയ്‌തെന്നായിരുന്നു പിന്റുവിന്റെ സംശയം. തുടര്‍ന്നാണ് ഇവരെ വകവരുത്താന്‍ പിന്റു തീരുമാനിച്ചതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച്ച അമേരിക്ക പട്ടേല്‍ ഒറ്റക്കായിരുന്ന സമയം അദ്ദേഹം വീട്ടില്‍ കയറി വടികൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് നിലത്ത് വീണ യുവതിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ് അറസ്റ്റിലായ പിന്റു. യുവതി കൂടോത്രം ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.