ഫറോക്ക്:രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനില്‍ പോലീസിന്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. മരണപ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യം, സോഡ കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കോഴിക്കോട് പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ളവരില്‍ കൂടുതല്‍ പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

എയര്‍പോര്‍ട്ടിലേക്ക് വന്നതായിരുന്നുവെന്നാണ് മരിച്ചവരോടൊപ്പം സഞ്ചരിച്ച ആളുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചെര്‍പുളശേരിയിലുള്ള ആളുകള്‍ എയര്‍പോര്‍ട്ടിലേക്ക് വന്നതാണെങ്കിലും വന്നു പോയതാണെങ്കിലും അപകടം നടന്ന രാമനാട്ടുകരയില്‍ എത്തേണ്ട ആവശ്യമില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. പതിനഞ്ചോളം വരുന്ന ആളുകള്‍ എന്തിനാണ് ഈ ലോക്ഡൗണ്‍ സമയത്ത് വന്നതെന്നത് അന്വേഷിക്കുകയാണ് പൊലീസ്.

വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചന പ്രകാരമാണ് മറ്റു രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ സഞ്ചരിച്ച ബെലോറെ വാഹനം സിമന്റ് ലോറിയില്‍ ഇടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് മരിച്ച അഞ്ച് പേരും. അമിതവേഗത്തില്‍ കാര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴി. ആ സമയത്ത് മഴയുമുണ്ടായിരുന്നു. ബൊലേറോ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തെ പോസ്റ്റിലാണ് ഇടിച്ചു നിന്നത്. ഇതേ തുടര്‍ന്ന് പോസ്റ്റ് മൂന്ന് കഷ്ണമായി. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചത്.