ഖാന്‍ യൂനുസ്: ഗസ്സയില പോരാട്ട ഭൂമിയില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച റസാന്‍ അല്‍ നജ്ജാറിനെ അവസാനമായി കണ്ട നിമിഷം സഹോദരി സബ്രീന്‍ അല്‍ നജ്ജാറിന്റെ മനസ്സില്‍ ഒരു നീറ്റലായി ഇപ്പോഴുമുണ്ട്. ദക്ഷിണ ഗസ്സയിലെ ഖുസാഅയിലുള്ള വീട്ടില്‍ സബ്രീനോട് യാത്ര ചോദിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് റസാന്‍ എത്തിയിരുന്നു.
‘അവള്‍ എഴുന്നേറ്റ് എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. പ്രക്ഷോഭ ഭൂമിയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ വാതില്‍ കടന്ന് പുറത്തെത്തി. അവള്‍ പോകുന്നത് കാണാന്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് ഓടി. പക്ഷെ, അപ്പോഴേക്കും അവള്‍ തെരുവില്‍നിന്ന് ഏറെ അകലെയെത്തിയിരുന്നു.’ ഫലസ്തീന്‍ ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ചാണ് റസാന്‍ കടന്നുപോയതെന്നതിന് കഴിഞ്ഞ ദിവസം ഗസ്സയിലെ തെരുവുകള്‍ സാക്ഷിയാണ്. ആയിരക്കണക്കിന് ആളുകളാണ് റസാന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിന് വേണ്ടി ഗസ്സയിലെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ റസാന്‍ ജീവന്‍ പണയപ്പെടുത്തി ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ സേവന സന്നദ്ധയായി ഓടി നടക്കുന്നുണ്ടായിരുന്നു. അവസാനം വെടിയേറ്റു വീണ പ്രക്ഷോഭകന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവര്‍ രക്തസാക്ഷിയാവുകയും ചെയ്തു. റസാന്റെ അവസാന നിമിഷങ്ങള്‍ ദൃക്‌സാക്ഷികള്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച ആളിക്കത്തിയ പ്രക്ഷോഭത്തിനിടെ ഒരാള്‍ ഇസ്രാഈല്‍ അതിര്‍ത്തിയുടെ വേലിക്കപ്പുറത്ത് വെടിയേറ്റ് വീണു. വെടിയൊച്ചകളും ഗ്രനേഡ് വര്‍ഷവും അവഗണിച്ച് റസാന്‍ ഓടിയെത്തി. വേലിക്കപ്പുറത്തുനിന്ന് അയാളെ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ റസാനുനേരെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട റസാന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് തെറിച്ചുപോയി. വെള്ളക്കോട്ട് ധരിച്ച് നഴ്‌സാണെന്ന് സൂചന നല്‍കി കൈ ഉയര്‍ത്തിയായിരുന്നു അവര്‍ വെടിയേറ്റ പ്രതിഷേധക്കാരനെ പരിചരിച്ചിരുന്നതെങ്കിലും കിരാതരായ ഇസ്രാഈല്‍ പട്ടാളക്കാര്‍ റസാനെ വെടിവെച്ചുകൊല്ലാന്‍ മടിച്ചില്ല.
റസാന് വെടിയേല്‍ക്കുമ്പോള്‍ താന്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നുവെന്ന് മറ്റൊരു മെഡിക്കല്‍ വൊളണ്ടിയര്‍ റിദ നജ്ജാര്‍ പറയുന്നു. ‘ഞങ്ങള്‍ അതിര്‍ത്തി വേലിയോട് അടുത്തപ്പോള്‍ തന്നെ ഇസ്രാഈല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. തൊട്ടുപിന്നാലെ ഒരു പട്ടാളക്കാരന്‍ റസാന് നേരെ നിറയൊഴിച്ചു. ആ വെടിയുണ്ടയുടെ ചീളുകള്‍ പറ്റി മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുക പോലും ചെയ്തു. തനിക്ക് വെടിയേറ്റതായി റസാന് ആദ്യം മനസ്സിലായിരുന്നില്ല. ഒരു നിമിഷം തരിച്ചുനിന്ന അവര്‍ കരഞ്ഞുകൊണ്ട് നിലംപതിച്ചു. പ്രതിഷേധക്കാരെ പരിചരിക്കാനെത്തിയ മെഡിക്കല്‍ സംഘത്തില്‍ പെട്ടവരാണ് ഞങ്ങളെന്ന് യൂണിഫോമുകളും മെഡിക്കല്‍ ബാഗുകളും തെളിയിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ ഞങ്ങളല്ലാതെ പ്രക്ഷോഭകരാരും തൊട്ടടുത്തുണ്ടായിരുന്നില്ല. മെഡിക്കല്‍ സംഘത്തെ തന്നെയാണ് ഇസ്രാഈല്‍ സേന ലക്ഷ്യംവെച്ചതെന്ന് വ്യക്തമായിരുന്നു’-റിദ നജ്ജാര്‍ പറഞ്ഞു. ഫലസ്തീന്‍ രണഭൂമിയില്‍ പോരാടുന്നവരോടൊപ്പം സേവന സന്നദ്ധയായി നില്‍ക്കാന്‍ റസാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.
പരിക്കേറ്റ പ്രക്ഷോഭകരെ സഹായിക്കുകയെന്നത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ റസാന്‍ പറയുകയുണ്ടായി. ‘പരമാവധി ആളുകളെ വെടിവെച്ചു കൊല്ലുകയെന്നതാണ് ഇസ്രാഈല്‍ സേനയുടെ ലക്ഷ്യം. എന്റെ ജനത വെടിയേറ്റ് പിടയുമ്പോള്‍ അവിടെനിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’-അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ആളുകള്‍ പറയുന്നതൊന്നും വകവെക്കാതെ മാര്‍ച്ച് 30 മുതല്‍ ഖാന്‍ യൂനുസിലെ അതിര്‍ത്തിക്ക് സമീപം മെഡിക്കല്‍ തമ്പില്‍ റസാന്‍ സജീവമായിരുന്നുവെന്ന് സഹോദരി സബ്രീന്‍ ഓര്‍ക്കുന്നു. ‘മെഡിക്കല്‍ വളണ്ടിയറെന്ന നിലയില്‍ ജോലിയില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. അവളുടെ പ്രവര്‍ത്തനങ്ങളില്‍ നിശ്ചദാര്‍ഢ്യവും കരുത്തും പ്രകടമായിരുന്നു എന്റെ മകളുടെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ വളണ്ടിയര്‍ മാത്രമായിരുന്നു അവള്‍. സേവനം മാത്രമായിരുന്നു അവളുടെ കൈമുതല്‍. എന്നിട്ടും…’-സബ്രീന്‍ പറഞ്ഞു.