kerala

തിരിച്ചറിയണം വോട്ടിന്റെ മൂല്യം

By webdesk18

December 09, 2025

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

പ്രാദേശിക സര്‍ക്കാറുകള്‍ എന്നറിയപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോവുകയാണ് നാം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവിന്റെ ഗ്രാമസ്വരാജ് എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഏറ്റവും ക്രിയാത്മകമായ ഇടപെടല്‍ നടത്തിയത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരണഘടനയുടെ 73, 74 വകുപ്പുകള്‍ ഭേദഗതി ചെയ്തു കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തികരിക്കാനുള്ള സുപ്രധാനമായ നിയമനിര്‍മാണം പൂര്‍ത്തിയാക്കി. അതിന്റെ ചുവട് പിടിച്ച് കേരളമാണ് പഞ്ചായത്തിരാജ് നഗരപാലിക നിതമായ നിയമം നി വതരിപ്പിച്ച് മാതൃക കാണിച്ചത്. 1994 ലെ കെ.കരുണാകരന്‍ മന്ത്രിസഭയിലെ പഞ്ചായത്ത് വകുപ്പ് മന്ത്രി സി.ടി അഹമ്മദലിയാണ് നിയമ ഭേദഗതിക്കുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. 1967 ല്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ് കുരിക്കള്‍ അക്കാലത്ത് കേരള പഞ്ചായത്ത് നിയമം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ ചെയ്തിട്ടുണ്ടായിരുന്നു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പതിനഞ്ചോളം വകുപ്പുകളും അധികാരവും തസ്തികകളും വിട്ടു കൊടുത്തും റവന്യൂ വരുമാനത്തിന്റെ മുന്നിലൊന്ന് പദ്ധതിവിഹിതമായി നല്‍കിയും വിപ്ലവകരമായ തിരുമാനങ്ങളാണ് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ടി 1995 ലെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു 1995 ല്‍ പുതി യ തദ്ദേശ സ്ഥാപന ഭരണസമിതികളെ അ ധികാരത്തിലേറ്റുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ നാം പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഈ സന്ദര്‍ഭത്തില്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളും പ്രഹസനങ്ങളായി മാറി യിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതി വിഹിതമായിട്ട് നല്‍കുന്ന തുക സ്വാതന്ത്ര്യത്തോടെ വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയാത്ത വിധം കര്‍ക്കശമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ പലപ്പോഴായി സര്‍ക്കാര്‍ കൊണ്ടുവന്നത്. യു.ഡി.എ ഫ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയ പദ്ധതി പണത്തിന്റെ 10 ശതമാനത്തില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ ഇന്ന് അധികാരത്തിലിരിക്കുന്ന എല്‍.ഡി.എ ഫ് സര്‍ക്കാര്‍ തങ്ങള്‍ നല്‍കുന്ന വിഹിതത്തിന്റെ 90 ശതമാനത്തിലും ഇടപെടുകയാണ്. അതുവഴി പ്രാദേശിക വൈജാത്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സ്വാതന്ത്യം നഷ്ടപ്പെട്ടിരിക്കുകയാണ്.

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. പെന്‍ഷന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ലഘൂകരിച്ചതാണ് കാരണം. വരുമാനപരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയും വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷിക്കാനുള്ള പ്രായം 65ല്‍ നിന്ന് 60 ആക്കി കുറച്ചും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് ക്ഷേമമെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതത്. മാത്രമല്ല ഭിന്നശേഷിക്കാരും വിധവകളും അവിവാഹിതരായ സ്ത്രീകള്‍ക്കുമെല്ലാം രണ്ട് പെന്‍ഷന്‍ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് വര്‍ദ്ധനവിലേക്കാണ് 2011 – 2016 കാലത്തെ യു.ഡി.എഫ് ഭരണം എത്തിച്ചത്. എന്നാല്‍ ഇന്ന് വിടിന്റെ വിസ്തീര്‍ണത്തിന്റെയും വാഹനത്തിന്റെയും എ.സി യുടെയുമെല്ലാം പേര് പറഞ്ഞ് അര്‍ഹരായ ആളുകള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാത്രമല്ല വരുമാന സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിനും വിധവകള്‍ പുനര്‍ വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും മസ്റ്ററിംഗിനുമായി ഒരു വര്‍ഷം മൂന്നുതവണയെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്.

കേരളത്തിന്റെ മതേതര പൈതൃകത്തെയും നവോത്ഥാന കാലം സൃഷ്ടിച്ച മൂല്യങ്ങളെയും കാറ്റില്‍ പറത്തുന്ന വഴിവിട്ട നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ വിഗ്രഹം കുടികൊള്ളുന്ന കട്ടിളപ്പാളിയിലും വാതിലിലും ദ്വാര പാലക ശില്‍പത്തിലുമൊക്കെ അടങ്ങിയിട്ടുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എല്‍.ഡി. എഫ് നേതാക്കള്‍ ഭരണകര്‍ത്താക്കളായ ദേവസ്വം ബോര്‍ഡിന്റെ നിരനിരുത്തരവാദപരമായ നില പാടുകളുടെ ഭാഗമായി നഷ്ടപ്പെട്ടിരിക്കുന്നത്. സ്വര്‍ണം മോഷ്ടിച്ച കുറ്റത്തിന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത് ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാരെയാണ്. അന്വേഷണം കൂടുതല്‍ പേരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാവണം എസ്.ഐ.ടി യുടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞതായി ആക്ഷേപമു ണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടതെങ്കിലും സംസ്ഥാന പൊലീസിലെ അംഗങ്ങളാണ് സംഘത്തിലുള്ളത്.

ജോണ്‍ ബ്രിട്ടാസ് എംപി ഇടനിലക്കാരനായാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (പി.എം.ശ്രീ)പദ്ധതിക്കായി കേരളം കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ച തെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് വെളിപ്പെടുത്തിയത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയ പാഠപുസ്തകങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇത് കാരണമാകുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആക്ഷേപിക്കുകയുണ്ടായി. നാല് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള മുന്നണികളാണ് കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും. എല്ലാ കാലത്തും ആര്‍ എ സ് എസിന്റെ വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയതാണ് പ്രബുദ്ധ കേ രളത്തിന്റെ ചരിത്രം. കേവലം അധികാരത്തുടര്‍ച്ചക്കായി ആ പാരമ്പര്യത്തെ ബലികഴിക്കാന്‍ ഒരിക്കലും മതേതര ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ കഴിയില്ല.

വാര്‍ഡ് തലം തൊട്ട് പാര്‍ലമെന്റ് തലം വരെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ചിട്ടയായ തിരഞ്ഞെടുപ്പ് സംവിധാനം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നീതിപൂര്‍വകവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടത്തുക വോട്ടര്‍ പട്ടിക കുറ്റമറ്റതായി പ്രസിദ്ധീകരിക്കുക നിയമസഭ പാര്‍ലമെന്റ് തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ മണ്ഡലങ്ങളുടെ പുനക്രമീകരണം ശാസ്ത്രീയവും ആക്ഷേപരഹിതവുമായി നട ത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇംഗിതത്തിനനുസരിച്ച് വഴങ്ങുക എന്നത് ജനാധിപത്യ സംവിധാനത്തിന് കടുത്ത ഭീഷണിയാണ്. പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണം പൗര സമൂഹത്തിനിടയില്‍ ഉയര്‍ത്തി വിട്ടിട്ടുള്ള ആശങ്കകള്‍ക്കിടയിലാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അതു കൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണ സമിതികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യ മതേതര മുല്യങ്ങളെ വീണ്ടെടുക്കാനുള്ള ഒരു പോരാട്ടം കൂടിയായി മാറിയിട്ടുണ്ട്. നമ്മുടെ അയല്‍ പക്ക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ദുര്‍ബലമായ ജനാധിപത്യ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഇനിയും ജനാധിപത്യത്തിന്റെ മാര്‍ഗത്തില്‍ ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. ആ ചിന്തയും ഉയര്‍ന്ന പൗരബോധവും മനസ്സില്‍ ഉള്‍ക്കൊണ്ടാവണം നമ്മുടെ ഓരോരുത്തരുടെയും വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന് വിനീതമായി എല്ലാവരെയും ഉണര്‍ത്തട്ടെ.