പിഎസ്സി ഉദ്യോഗാര്‍ത്ഥി അനു ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്ന് രശ്മി ആര്‍ നായര്‍. ഫേസ്ബുക്ക് പ്രൊഫൈലിലെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അപ്രത്യക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ രശ്മി വിശദീകരണവുമായി എത്തിയത്.

”ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാന്‍ മടികൊണ്ടു പിഎസ്സി ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’ എന്നൊരു ഒരു പ്രസ്താവന ഞാന്‍ നടത്തിയിരുന്നു. ആ പ്രസ്താവന നടത്തിയ ഫേസ്ബുക് പോസ്റ്റ് മാസ് റിപ്പോര്‍ട് ചെയ്തു ഫേസ്ബുക്കില്‍ നിന്നും റിമൂവ് ചെയ്ത എന്നതിനര്‍ത്ഥം ഞാന്‍ ആ പ്രസ്താവനയില്‍ നിന്നും പിറകോട്ടു പോയി എന്നതല്ല. എന്റെ പൊതു വിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിപരമാണ്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സ്ഥാനമില്ല. ഞാന്‍ മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു.’- ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ രശ്മി പറയുന്നു.

28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്സിജന്‍ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്’ എന്നായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതിനു ശേഷമാണ് പോസ്റ്റ് അപ്രത്യക്ഷമായത്.

പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂണ്‍ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛന്‍ സുകുമാരന്‍ പറഞ്ഞു. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.