ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്‍ത്തിയായി വരുന്നതാണെന്നും എന്നാല്‍ അതിനു മുകളിലല്ലെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. ആധാര്‍ വിഷയത്തില്‍ സ്വകാര്യത സംബന്ധിച്ച് രൂപീകരിക്കപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബഞ്ചിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ ഇനത്തില്‍പ്പെട്ടതാണ്. അത് ജീവിതത്തിന്റെ അവകാശത്തിന് കീഴില്‍ വരുന്നതുമാണ്. ആധാര്‍ പാവപ്പെട്ടവന്റെ ജീവിതം, ഭക്ഷണം, പാര്‍പ്പിടം എന്നിവയെ സുരക്ഷിതമാക്കാനുള്ളതാണ്’ – വേണുഗോപാല്‍ പറഞ്ഞു. ആധാര്‍ പൗരന്റെ സ്വകാര്യതയെ ഹനിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
അതിനിടെ, സ്വകാര്യത മൗലികാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പശ്ചിമബംഗാള്‍, കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പുതുച്ചേരി, കര്‍ണാടക, പഞ്ചാബ് സര്‍ക്കാറുകളാണ് കോടതിയെ സമീപിച്ചത്. സാങ്കേതിക പുരോഗതിയുടെ കൂടി വെളിച്ചത്തില്‍ വേണം സ്വകാര്യതയ്ക്കു വേണ്ടിയുള്ള അവകാശത്തെ നിര്‍ണയിക്കാന്‍ എന്നായിരുന്നു സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം.
നേരത്തെ, കേസിലെ വാദത്തിനിടെ സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്ന് കേന്ദ്രം

Be the first to write a comment.