ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന വാദങ്ങള്‍ക്കെല്ലാം തിരിച്ചടി. പാരഡൈസ് പേപ്പര്‍ പുറത്തുവിട്ട കള്ളപ്പണക്കാരുടെ പേരുകളില്‍ കന്ദ്രസഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി രവീന്ദ്ര കിഷോര്‍ സിന്‍ഹയും ഉള്‍പ്പെടുന്നു. നോട്ട് നിരോധനദിനമായ നവംബര്‍ എട്ടിന് കള്ളപ്പണവിരുദ്ധദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.

ഇന്നലെയാണ് ആഗോള തലത്തില്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുറത്ത് വിട്ടിരുന്നത്. പാരഡൈസ് പേപ്പഴ്‌സ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 13.4 മില്യണ്‍ (13.4 ദശലക്ഷം)രേഖകളാണുളളത്. പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളുള്ള റിപ്പോര്‍ട്ടില്‍ ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പുറത്തുവിട്ട രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുള്ളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. നീരാറാഡിയ, അമിതാബച്ചന്‍, സഞ്ജയ്ദത്തിന്റെ ഭാര്യ മന്യത തുടങ്ങിയവരും പട്ടികയിലുണ്ട്.

പനാമ പേപ്പര്‍ വെളിപ്പെടുത്തലിന് 18 മാസത്തിന് ശേഷമാണ് ലോകത്തെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയുമായി ഐ.സി.ഐ.ജെ വീണ്ടും രംഗത്തെത്തിയത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്.