ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് പലവിധ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്.

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായി പ്രണയത്തിലാണെന്നതു സംബന്ധിച്ച് വാര്‍ത്തകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്. എന്നാല്‍ ഈ വര്‍ഷം അവസാനം രാഹുല്‍ഗാന്ധി വിവാഹിതനാകുമെന്ന് ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതോടെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും രാഹുല്‍ഗാന്ധിക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാല്‍ രാഹുലിന്റെ വിവാഹം സംബന്ധിച്ച് പ്രതികരണവുമായി സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്തുവന്നിരിക്കുകയാണ്. രാഹുലിന്റെ വിവാഹം ഇപ്പോഴില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവാഹ വാര്‍ത്തക്കെതിരെ വാദ്ര
രംഗത്തുവന്നത്. പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ആശംസ അറിയിച്ച് രാഹുലിന് സന്ദേശം അയക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിന്റെ വിവാഹം രഹസ്യമായി നടത്തില്ലെന്നും രാഹുല്‍ തന്റെ വ്യക്തിപരമായ തീരുമാനം അഭിമാനത്തോടെയായിരിക്കും അറിയിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായുള്ള രാഹുലിന്റെ വിവാഹം ഉറപ്പിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ രാഹുല്‍ തനിക്ക് സഹോദരതുല്യനാണെന്ന് തുറന്നടിച്ച് അതിഥി തന്നെ രംഗത്തുവന്നു. അദ്ദേഹം തന്റെ രാഖിസഹോദരനാണെന്നും അവര്‍ പറഞ്ഞു.