ആലപ്പുഴ: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ അഴിമതി ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ട് 5,000 കോടിയുടെ കരാറുണ്ടാക്കി. ഈ നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും.

സ്പ്രീംഗഌ, ഇ മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവം എല്‍ഡിഎഫിലോ മന്ത്രിസഭയിലോ മത്സ്യ തൊഴിലാളികളുമായോ ചര്‍ച്ച ചെയ്യാതെയാണ് കൊണ്ടു വന്നതെന്നും ഇതിനു പിന്നില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.