കോഴിക്കോട്: വനിതാ മുന്‍ ഫുട്‌ബോള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്. ഖബറടക്കം ഉച്ചക്ക് 11.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. വനിതാ ഫുട്‌ബോള്‍ രംഗത്ത് പുതിയ ഭാവുകത്വം കൊണ്ടു വരുന്നതില്‍ ഫൗസിയയുടെ പങ്ക് വലുതായിരുന്നു. നിരവധി പെണ്‍കുട്ടികളെ ഫുട്‌ബോള്‍ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി.

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. മാതാവിനും സഹോദരിക്കുമൊപ്പം വെള്ളിമാടുകുന്നിലെ വീട്ടിലായിരുന്നു താമസം.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി ദമ്പതികളുടെ നാലാമത്തെ മകളാണ്. 35 വര്‍ഷമായി കളിക്കളത്തില്‍ സജീവമായിരുന്നു.