മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വര്‍ഗീയതയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്താകുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. അടുത്ത അഞ്ച് വര്‍ഷം രാജ്യം ആരു ഭരിക്കണമെന്ന നിര്‍ണായക തീരുമാനം എടുക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വോട്ടര്‍മാര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ പുല്‍വാമയിലെ ഭീകരവാദ അക്രമണത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. നിരവധി ധീരജവാന്‍മാര്‍ ജീവത്യാഗം വരിച്ച ഈ അക്രമ സംഭവത്തെ ശക്തമായി അപലപിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തുടനീളം അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്.നിരപരാധികളായ കാശ്മീരികള്‍ രാജ്യത്താകമാനം പീഡിപ്പിക്കപ്പെടുന്നു. ഈ അക്രമങ്ങളെ അപലപിക്കാന്‍ പോലും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി മടികാണിച്ചു. പ്രതിഷേധത്തിനൊടുവില്‍ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം രാജസ്ഥാനിലെ ഒരു വേദിയില്‍ വെച്ചാണ് അദ്ദേഹം അപലപിച്ചത്.
കേരളത്തിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നിരവധി അക്രമങ്ങളാണ് അരങ്ങേറിയത്. ഈ അക്രമങ്ങളെല്ലാം സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. കേരളത്തിലെ അക്രമ രാഷ്ട്രീയം വേദനിപ്പിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ അക്രമം കടന്നുവരുന്നത് നിര്‍ഭാഗ്യകരമാണ്. ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതും. കേരളത്തില്‍ യു.ഡി.എഫിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് ദേശീയതലത്തില്‍ യു.പി.എയുടെ കൂടി നിര്‍ണായക ശക്തിയാണ്. രാജസ്ഥാനില്‍ താന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സന്ദര്‍ഭത്തില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ജയ്പൂരില്‍ എത്തിയിരുന്നു. അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. രാജ്യത്ത് മതേതരത്വം ഉറപ്പാക്കുന്നതില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണ്. കേരളത്തില്‍ വരുന്നത് വളരെ സന്തോഷമാണ്. പ്രത്യേകിച്ച് മലപ്പുറത്ത് വരുന്നത്. പരസ്പര സ്‌നേഹവും മതമൈത്രിയും മമതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മലപ്പുറം മാതൃകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഐക്യജനാധിപത്യമുന്നണി വന്‍ വിജയം നേടുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.