കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇന്ത്യന്‍ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്‍പിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്നടിച്ചത്.

ഇന്നത്തെ നിലയില്‍ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും പറയാന്‍ കഴിയും. എതിരഭിപ്രായങ്ങള്‍ക്കും സുരക്ഷിതമായ ഇടമുണ്ടാവുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും, പ്രത്യക്ഷത്തില്‍ തന്നെ മതാധിഷ്ഠിതമായ ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമര്‍ത്തുകയുമാണ്-സനല്‍കുമാര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ വരുന്ന തെരെഞ്ഞെടുപ്പില്‍ എനിക്ക് കഴിയുന്ന രീതിയില്‍ പരസ്യമായി തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചിലയിടങ്ങളില്‍ എ.എ.പിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചു. ഇന്ത്യന്‍ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ശക്തവും സത്യസന്ധവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം എന്നെങ്കിലും ഉണ്ടായി വന്നാല്‍മാത്രം ഞാന്‍ അതിനെ പിന്തുണക്കും. എന്തായാലും ഇപ്പോള്‍ അതില്ല. എ.എ.പി അത്തരത്തിലൊന്നിലേക്കുള്ള ഒരു തുറസാണെന്ന് കരുതുന്നതുകൊണ്ടാണ് അതിനെ പിന്തുണയ്ക്കുന്നത്. ഇന്നത്തെ നിലയില്‍ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സി.പി.എമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും പറയാന്‍ കഴിയും. എതിരഭിപ്രായങ്ങള്‍ക്കും സുരക്ഷിതമായ ഇടമുണ്ടാവുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും, പ്രത്യക്ഷത്തില്‍ തന്നെ മതാധിഷ്ഠിതമായ ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമര്‍ത്തുകയുമാണ്. വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയക്കാരായിക്കോട്ടെ, കലാകാരന്മാരായിക്കോട്ടെ, ബുദ്ധിജീവികളായിക്കോട്ടെ അവരെയൊക്കെ വളരെ ക്രൂരമായി അവഹേളിക്കാനും കയ്യൂക്കും ഭരണബലവും ഉപയോഗിച്ച് കഴിയുന്നത്ര നശിപ്പിക്കാനും ബിജെപിയും സിപിഎമ്മും ശ്രമിക്കും എന്നതിന് വ്യക്തിപരമായി തന്നെ നിരവധി അനുഭവങ്ങള്‍ എനിക്കുണ്ട്. കേരളത്തില്‍ സിപിഎമ്മിനെതിരെ സംസാരിച്ച ബുദ്ധിജീവികള്‍ക്കെല്ലാമുണ്ടായ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ. അതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി വിമര്‍ശനമുന്നയിച്ചു എന്നപേരില്‍ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികള്‍ നേരിടേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്തുപോലും ഉണ്ടായ കാര്‍ട്ടൂണുകളുടെ ഉദാഹരണം തന്നെ എടുക്കുക. ഇന്ന് അവയുടെ നൂറിലൊന്ന് വീര്യമുള്ള ഒരു കാര്‍ട്ടൂണ്‍ മോഡിക്കെതിരെയോ പിണറായി വിജയനെതിരെയോ ഉണ്ടായി എന്ന് കരുതുക എന്തുതരം സമീപനമാണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കുക. മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോള്‍ ഉള്ളു എന്ന സത്യം കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയും. അത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഇന്നത്തെ അപകടകരമായ സാഹചര്യത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.